Friday, December 31, 2010

Dr. Binayak Sen

സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ഡോ. ബിനായക്സെന്‍ ഐക്യദാര്‍ഢ്യ സദസ്സ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യുന്നു
ഡോ. ബിനായക് സെന്‍
ഐക്യദാര്‍ഢ്യ സദസ്സ്
കണ്ണൂര്‍: ഭരണകൂട ഭീകരതയാണ് നിയമലംഘന പ്രക്ഷോഭങ്ങള്‍ക്ക് കാരണമാവുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ഡോ. ബിനായക്സെന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബിനായക് സെന്നിനെതിരെയുള്ള നടപടി മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, യു.കെ. സെയ്ദ്, എന്‍. ശഫീഖ്, കെ. സക്കരിയ എന്നിവര്‍ സംസാരിച്ചു.
31-12-2010

Friday, December 17, 2010

സോളിഡാരിറ്റി ജില്ലാതല വാഹനജാഥ സമാപിച്ചു

സോളിഡാരിറ്റി ജില്ലാതല വാഹനജാഥ സമാപിച്ചു
പെരിങ്ങത്തൂര്‍: 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' സോളിഡാരിറ്റി പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല വാഹന ജാഥ പെരിങ്ങത്തൂരില്‍ സമാപിച്ചു. പെരിങ്ങാടി, കവിയൂര്‍, ചൊക്ലി, പൂക്കോം, ചമ്പാട്, പാനൂര്‍, പാറാട്, കല്ലിക്കണ്ടി, കടവത്തൂര്‍, മുക്കില്‍പീടിക, കരിയാട് എന്നീ കേന്ദ്രങ്ങളില്‍ വാഹനജാഥക്ക് സ്വീകരണം നല്‍കി. ദാവൂദ്, ശക്കീര്‍, സ്വാലിഹ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. പെരിങ്ങത്തൂരില്‍ നടന്ന സമാപന ചടങ്ങില്‍ സോളിഡാരിറ്റി നിര്‍മിച്ച 'ഐക്യദാര്‍ഢ്യം' ബോധവത്കരണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ജില്ലാ സമിതിയംഗം ദാവൂദ് അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, ഉമര്‍ ഫാറൂഖ്, മുഹമ്മദ് സവാദ് എന്നിവര്‍ സംസാരിച്ചു. രാവിലെ മാഹിയില്‍ വാഹനപ്രചരണ ജാഥയുടെ ഉദ്ഘാടനത്തില്‍ ചൊക്ലി ഏരിയാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം മുഹമ്മദ് നിയാസ്, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് ഓര്‍ഗനൈസര്‍ ഇബ്രാഹിം എന്‍ജിനീയര്‍, മുഹമ്മദ് സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.
16-12-2010

Wednesday, December 15, 2010

വേദന പങ്കുവെക്കാന്‍ വിഷമഴയുടെ ഇരകള്‍ ഒത്തുചേര്‍ന്നു

വേദന പങ്കുവെക്കാന്‍ വിഷമഴയുടെ 
ഇരകള്‍ ഒത്തുചേര്‍ന്നു
കണ്ണൂര്‍: 'ഹെലികോപ്റ്ററില് മരുന്നടിക്കുമ്പോ കുഞ്ഞ്യോളെയും കൂട്ടീറ്റാന്ന് ഞങ്ങള് കാണാന്‍ പോയത്. പ്ലാന്റേഷന്‍ തോട്ടത്തിന്റെ അതിരുവിട്ട് ഞങ്ങളുടെ പറമ്പിലെല്ലാം മര്ന്നടിച്ചിറ്റാ മ്പൊ നല്ല സന്തോഷായിരുന്നു. പക്ഷേ, ഇന്ന് നമ്മള്‍ അനുഭവിക്കുന്ന വേദനയും സങ്കടവും എങ്ങനെ പറയണമെന്നറിയില്ല...'
വിഷമഴ വിതച്ച ദുരന്താനുഭവങ്ങളുമായി കാങ്കോല്‍^ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്നെത്തിയ കുന്നുമ്മല്‍ ജയന്തിക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിലാണ് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നെത്തിയ വിഷമഴയുടെ ഇരകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.
നടക്കാനോ ഇരിക്കാനോ കഴിയാത്ത തന്റെ മക്കളെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ലെന്നും തന്റെ വീട്ടിലേക്ക് ഇതേവരെ ആരും അന്വേഷണത്തിനു വരുകയോ കണക്കെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും ജയന്തി പറഞ്ഞു. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത മക്കളെ നോക്കേണ്ടതിനാല്‍ കൂലപ്പണിക്കു പോകാന്‍ പോലും കഴിയുന്നില്ലെന്ന് അവര്‍ വിവരിച്ചു.
'ആദ്യം കണ്ണു തുറക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. പിന്നെ മേലാകെ തൊലിപൊട്ടാന്‍ തുടങ്ങി. വെളിച്ചത്തേക്കു നോക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല'.
ശരീരം മുഴുവന്‍ വ്രണം വന്ന് പൊട്ടിയൊലിക്കുന്ന ഗോകുല്‍രാജിന്റെ അമ്മ കമലാക്ഷിയുടെ വിവരണം കേട്ടുനിന്നവരുടെ മനസ്സ് നോവിക്കുന്നതായി. ഗോകുല്‍രാജിന്റെ ബന്ധു നാരായണനും എത്തിയിരുന്നു.
ശരീരം ശോഷിച്ച് കടുത്ത വേദനാസംഹാരിയുടെ സഹായത്തോടെ ജീവിക്കുന്ന അജിത്ത് അച്ഛന്‍ ജയിംസ്, അമ്മ ആലീസ് എന്നിവരോടൊപ്പമാണെത്തിയത്.
മകനും തങ്ങളും അനുഭവിക്കുന്ന വേദനയുടെ ആഴം ജയിംസ് സദസ്യരോട് പങ്കുവെച്ചു.
'മക്തബ്' സായാഹ്നപത്രം എഡിറ്ററും സാമൂഹികപ്രവര്‍ത്തകനുമായ കെ. സുനില്‍കുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സാദിഖ്, കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സോളിഡാരിറ്റി കാസര്‍കോട് ജില്ലാ സെക്രട്ടറി ശഫീഖ് നസറുല്ല, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഖദീജ എന്നിവര്‍ പങ്കെടുത്തു. ടി.കെ. റിയാസ് സ്വാഗതവും കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.
ദുരിതബാധിതരായ അജിത്ത്, മാതാപിതാക്കളായ ജയിംസ്, ആലീസ്, സ്മിഷയുടെ അമ്മ കുന്നുമ്മല്‍ ജയന്തി, ഗോകുല്‍രാജിന്റെ അമ്മ കെ. കമലാക്ഷി, ബന്ധു നാരായണന്‍ എന്നിവര്‍ സോളിഡാരിറ്റി ഭാരവാഹികളായ ടി.കെ. റിയാസ്, കെ. സക്കരിയ, ടി.കെ. അസ്ലം എന്നിവരോടൊപ്പം ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ക്ക് നിവേദനം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ഫോട്ടോ പ്രദര്‍ശനവും 'സ്പര്‍ശം' ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
15-12-2010

Tuesday, December 14, 2010

SOLIDARITY PAVILION

'കര്‍മസാക്ഷ്യം' സോളിഡാരിറ്റി പവലിയന്‍ തുറന്നു

 
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച 'കര്‍മസാക്ഷ്യം' സോളിഡാരിറ്റി പവലിയന്‍ ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്യുന്നു
'കര്‍മസാക്ഷ്യം' സോളിഡാരിറ്റി
പവലിയന്‍ തുറന്നു
കണ്ണൂര്‍: പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ് കാമ്പയിന്റെ പ്രചാരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി നടത്തുന്ന കര്‍മസാക്ഷ്യം ^യൌവന കേരളത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പ്രദര്‍ശനം സ്റ്റേഡിയം കോര്‍ണറില്‍ തുടങ്ങി.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ്, കെ.കെ. സുഹൈര്‍, കെ.എന്‍. ജുറൈദ് എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് നടന്ന സാംസ്കാരിക ചര്‍ച്ച ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ.കെ. സുഹൈര്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, മധു കക്കാട്, സതീഷ് പാമ്പന്‍, പനയന്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ടി. അസീര്‍ സ്വാഗതവും കെ.എന്‍. ജുരൈജ്  നന്ദിയും പറഞ്ഞു.

'കര്‍മസാക്ഷ്യം' സോളിഡാരിറ്റി പ്രദര്‍ശനം ഇന്നുമുതല്‍

'കര്‍മസാക്ഷ്യം' സോളിഡാരിറ്റി
പ്രദര്‍ശനം ഇന്നുമുതല്‍
കണ്ണൂര്‍: 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി 'കര്‍മസാക്ഷ്യം' പ്രദര്‍ശനം ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിക്കും. സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്യും. കളത്തില്‍ ബഷീര്‍ മുഖാതിഥിയായിരിക്കും. വൈകീട്ട് 4.30ന് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. 6.30ന് 'ഐക്യദാര്‍ഢ്യം' ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. സമാപന ദിവസമായ ബുധനാഴ്ച എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശങ്ങളിലെ നേര്‍ക്കാഴ്ചകളും സോളിഡാരിറ്റി നടത്തിയ സേവനങ്ങളും ദൃശ്യവത്കരിക്കുന്ന വിപുലമായ പ്രദര്‍ശനം നടക്കും. പ്രമുഖ സ്വാതന്ത്യ്രസമര സേനാനി അപ്പുക്കുട്ടന്‍ പൊതുവാള്‍ ഉദ്ഘാടനം ചെയ്യും.

സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം

സോളിഡാരിറ്റി  വാഹനജാഥക്ക്  ചെറുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് സി.കെ. മുനവ്വിര്‍  സംസാരിക്കുന്നു
സോളിഡാരിറ്റി  വാഹനജാഥക്ക് സ്വീകരണം
പാടിയോട്ടുചാല്‍: കാങ്കോല്‍^ആലപ്പടമ്പ് പഞ്ചായത്തിലെ കാര്യാപ്പ് പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് സി.കെ. മുനവ്വിര്‍ ആവശ്യപ്പെട്ടു. 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന പ്രചാരണ വാഹനജാഥക്ക് ചെറുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥക്ക് കരിവെള്ളൂര്‍, കാങ്കോല്‍, മാത്തില്‍, പെരിങ്ങോം, പാടിയോട്ടുചാല്‍, തേര്‍ത്തല്ലി, ആലക്കോട്, ചപ്പാരപ്പടവ്, നടുവില്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ടി.കെ. റിയാസ്, സി.എച്ച്. മിഫ്താഫ്, ഖാലിദ് കുപ്പം എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം

സോളിഡാരിറ്റി വാഹനജാഥക്ക് ശ്രീകണ്ഠപുരത്ത് നല്‍കിയ സ്വീകരണത്തില്‍ യു.കെ. സെയ്ത് സംസാരിക്കുന്നു
സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം
ശ്രീകണ്ഠപുരം: സോളിഡാരിറ്റി ജില്ലാ വാഹനജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുള്ള സോളിഡാരിറ്റി പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള ജാഥക്ക് ഞായറാഴ്ച മയ്യില്‍, പെരുവളത്തുപറമ്പ്, ശ്രീകണ്ഠപുരം, ചെങ്ങളായി, പാവനൂര്‍മൊട്ട, ചൂളിയാട് കടവ്, പയ്യാവൂര്‍, നുച്ചിയാട്, ഉളിക്കല്‍, ബ്ലാത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ശ്രീകണ്ഠപുരത്ത് നടന്ന സ്വീകരണ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. കെ. സക്കറിയ, യു.കെ. സെയ്ത് തുടങ്ങിയവര്‍ സംസാരിച്ചു.
2010 ഡിസംബര്‍ 13 തിങ്കള്‍

സോളിഡാരിറ്റി വാഹനജാഥ

സോളിഡാരിറ്റി വാഹനജാഥക്ക് കാല്‍ടെക്സില്‍ നല്‍കിയ സ്വീകരണത്തില്‍ കണ്ണൂര്‍ ഏരിയ സമിതി അംഗം ഷാജഹാന്‍ സംസാരിക്കുന്നു
 സോളിഡാരിറ്റി വാഹനജാഥ
കണ്ണൂര്‍: 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' സോളിഡാരിറ്റി ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ പ്രചാരണ വാഹനജാഥക്ക് കണ്ണൂര്‍ നഗരത്തില്‍ സ്വീകരണം നല്‍കി. ജമാഅത്തെ ഇസ്ലാമി ഓര്‍ഗനൈസര്‍ കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
തോട്ടടയില്‍നിന്ന് ആരംഭിച്ച് താഴെചൊവ്വ, കാല്‍ടെക്സ്, കണ്ണൂര്‍ ആശുപത്രി, തയ്യില്‍, നീര്‍ച്ചാല്‍, കണ്ണൂര്‍ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാത്രി ഒമ്പതിന് കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു. 'ഐക്യദാര്‍ഢ്യം' വീസീഡി പ്രദര്‍ശനവും ഉണ്ടായി. ജില്ലാ സമിതിയംഗം സി.കെ. മുനവിര്‍ സമാപനപ്രസംഗം നടത്തി.
കാഞ്ഞിരോട് ഏരിയയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വൈകുന്നേരം ചക്കരക്കല്ലില്‍ നടന്ന സമാപന സമ്മേളനം സി.കെ. മുനവിര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ. സക്കരിയ സംസാരിച്ചു. ഗഫൂര്‍ ചെമ്പിലോട് സ്വാഗതവും സി.ടി. അഷ്കര്‍ നന്ദിയും പറഞ്ഞു.
കേരളത്തെ മദ്യമുക്ത സംസ്ഥാനമാക്കി മാറ്റണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ ആവശ്യപ്പെട്ടു. പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. 
11-12-2010

Sunday, December 12, 2010

SOLIDARITY PAVILION

എന്‍ഡോസള്‍ഫാന്‍ മേഖല സന്ദര്‍ശിച്ചു

 
എന്‍ഡോസള്‍ഫാന്‍ മേഖല
സന്ദര്‍ശിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയായ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്ള കര്യാപ്പ്, വെളിച്ചംതോട് പ്രദേശങ്ങള്‍ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ. സഖരിയ്യ, ടി.കെ. മുഹമ്മദ് റിയാസ്, ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ എം.ടി.പി. സൈനുദ്ദീന്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദുരന്തം ബാധിച്ച സ്മിഷ, അജിത് എന്നിവരുടെ വീടുകള്‍ സംഘം സന്ദര്‍ശിച്ചു.

Thursday, December 9, 2010

സോളിഡാരിറ്റി പ്രചാരണജാഥ പ്രയാണം തുടങ്ങി

സോളിഡാരിറ്റി പ്രചാരണജാഥ
പ്രയാണം തുടങ്ങി
മട്ടന്നൂര്‍: 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വാഹനപ്രചാരണജാഥ ശിവപുരം ടൌണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഏരിയാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അസ്ലമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പി.സി. മുനീര്‍, കെ. സാദിഖ്, ഫൈസല്‍ ആറളം തുടങ്ങിയവര്‍ സംസാരിച്ചു. മട്ടന്നൂരില്‍ നടന്ന സമാപനയോഗത്തില്‍ സോളിഡാരിറ്റി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.എം. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. നൌഷാദ് മേത്തര്‍ സ്വാഗതവും ഷാനിഫ് ഇരിട്ടി നന്ദിയും പറഞ്ഞു.കാമ്പയിന്റെ ഭാഗമായുള്ള പവലിയന്‍ പ്രദര്‍ശനം മുനിസിപ്പല്‍ കൌണ്‍സിലര്‍ കെ.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ സോളിഡാരിറ്റി നടത്തിയ സമര^സേവന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കിയ ഫോട്ടോ പ്രദര്‍ശനവും ജനശ്രദ്ധയാകര്‍ഷിച്ചു. സാമൂഹികതിന്മകള്‍ക്കെതിരായുള്ള കൊളാഷും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ദുരിതപ്രദേശങ്ങളില്‍ സോളിഡാരിറ്റി നടത്തിയ പുനരധിവാസ പാക്കേജും പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.പവലിയന്‍ കണ്‍വീനര്‍ നൌഷാദ് മേത്തര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും എം.പി. ഹാരിസ് നന്ദിയും പറഞ്ഞു.

SOLIDARITY PAVILION

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വാഹനപ്രചാരണജാഥയോടനുബന്ധിച്ച് തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനം മുനിസിപ്പല്‍ കൌണ്‍സിലര്‍ കെ.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു

Monday, December 6, 2010

ആര്‍ത്തിയുടെ ഗോത്രസംസ്കാരത്തിന് തിരുത്ത് വേണം -മുജീബുറഹ്മാന്‍

സോളിഡാരിറ്റി സംസ്ഥാന പ്രചാരണത്തിന്റെ ജില്ലാതല പ്രഖ്യാപനം തലശേãരിയില്‍ സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ നിര്‍വഹിക്കുന്നു.
ആര്‍ത്തിയുടെ ഗോത്രസംസ്കാരത്തിന്
തിരുത്ത് വേണം -മുജീബുറഹ്മാന്‍
തലശേãരി: കൊന്നും തിന്നുമുള്ള ആര്‍ത്തിയുടെ ഗോത്രസംസ്കാരമാണ് ഇപ്പോള്‍ നടമാടുന്നതെന്നും ഇതിന് തിരുത്ത് അത്യാവശ്യമാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ചുണ്ടിക്കാട്ടി. 'പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്' എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ജില്ലാ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ത്തിയിലധിഷ്ഠിതമായ ജീവിത സംസ്കാരം രാജ്യത്ത് പിടിമുറുക്കിക്കഴിഞ്ഞു. മതവും മതേതരത്വവും ആര്‍ത്തിയുടെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കുകയാണ്. ഇടത്, വലതു മുന്നണികള്‍ മാറിമാറി ഇതാണ് ചെയ്യുന്നത്. കാസര്‍കോട്ടെ 4000ത്തോളം ഇരകളുടെ നെഞ്ചകത്ത് ചവിട്ടിയാണ് അവിടെ അസുഖത്തിനു കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിനു തെളിവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. പരിസ്ഥിതി ദിനത്തില്‍ മരം നട്ടശേഷം അധികാരകേന്ദ്രങ്ങളിലിരുന്ന് പുകക്കുഴല്‍ വികസനത്തെക്കുറിച്ച് വിപ്ലവം പറയുന്നവരെയാണ് നമുക്ക് സഹിക്കേണ്ടിവരുന്നതെന്നും മുജീബുറഹ്മാന്‍ ചൂണ്ടിക്കാട്ടി. എന്‍ഡോസള്‍ഫാന്‍ ദുരന്തമുണ്ടായി 25 വര്‍ഷം കഴിഞ്ഞാണ് കേരളത്തിലെ സാംസ്കാരിക നേതാക്കള്‍ കാസര്‍കോട്ടെത്തുന്നത്. അത്രയും വര്‍ഷം പിറകിലാണവര്‍. 12 കമ്മിറ്റിക്ക് ശേഷവും ഇപ്പോള്‍ വിഷയം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത് എന്‍ഡോസള്‍ഫാന് ക്ലീന്‍ചിറ്റ് നല്‍കാനാണെന്ന് അദ്ദേഹം ആരോപിച്ചു.  മതവും മദ്യവും സ്വാധീനം ചെലുത്തിയ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഹഖീം നദ്വി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, പി. ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  പുരസ്കാരം ലഭിച്ച 'തുള്ളിക്കുടം' ടെലിഫിലിം സംവിധായകന്‍ അനൂപ്കുമാര്‍, കാമറാമാന്‍ കെ.എസ്. ഷാജി, അഭിനേതാക്കളായ ആദര്‍ശ്, ചന്ദന എന്നിവര്‍ക്ക് പി.മുജീബുറഹ്മാന്‍ ഉപഹാരം നല്‍കി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് സ്വാഗതവും തലശേãരി ഏരിയാ പ്രസിഡന്റ് എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു.

03-12-2010/madhyamam

Sunday, December 5, 2010

പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്


പുതിയ കേരളത്തിന്
നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്
സുഹൃത്തെ, ക്ഷമിക്കണം. ചോദിക്കാതെ വയ്യ. മുടി കറുത്തതാണ് എന്നതുകൊണ്ടുമാത്രം നരച്ച നിലപാടുകളുള്ള ഒരാളെ യുവാവെന്ന് വിളിക്കാമോ? കണ്ണടയില്ലെന്ന ഒറ്റക്കാരണത്താല്‍ അയാളുടെ കാഴ്ചപ്പാടുകള്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെന്ന് നമുക്ക് പറയാമോ? ആരോ ചൊല്ലിക്കൊടുത്ത മുദ്രാവാക്യങ്ങള്‍ വലിയവായില്‍ ഏറ്റുവിളിക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ വിപ്ലവകാരിയായിരിക്കുമെന്നു കരുതാമോ?


ഇല്ല, ഇല്ല, എന്നാണുത്തരമെങ്കില്‍ ആശ്വാസമായി. താങ്കളില്‍ യുവത്വം ബാക്കിയുണ്ട്. കരുത്തുറ്റ നിലപാടുകള്‍, തീക്ഷ്ണമായ കാഴ്ചപ്പാടുകള്‍, തളരാത്ത വിപ്ലവബോധം ഇതൊക്കെയാണല്ലോ യുവത്വത്തിന്റെ സവിശേഷതകള്‍. ഇതൊന്നുമില്ലാത്തവന്റേത് എന്ത് യുവത്വം? എന്ത് യൗവ്വനം?എന്തിനിതൊക്കെ പറയുന്നു എന്നാണോ? നമ്മുടെ പ്രിയപ്പെട്ട നാടിനെ വീണ്ടെടുക്കാനും നേരെ നടത്താനും യുവാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്‍ക്കൊണ്ടാവില്ലെന്നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്. നാടിന്റെ ഉറങ്ങിക്കിടക്കുന്ന നീതിബോധത്തെ ഉണര്‍ത്തേണ്ടത് യുവത്വത്തിന്റെ ഗര്‍ജ്ജനമാണ്. നെറികേടുകളെ നെഞ്ചുവിരിച്ച് നേരിടേണ്ടത് യുവത്വത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. യുവത്വം ഇങ്ങിനെയൊക്കെ ആയിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, കേരളത്തിന്റെ തെരുവോരങ്ങളിലേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഓടകളില്‍ മുഖംകുത്തി അടിവസ്ത്രം മാത്രമണിഞ്ഞ് ലക്കുകെട്ട് കിടക്കുന്നത് നമ്മുടെ യുവത്വം തന്നെയല്ലേ? കഴിഞ്ഞ സായാഹ്‌നത്തില്‍ വിളിച്ച വിപ്ലവമുദ്രാവാക്യങ്ങള്‍ പോക്കറ്റിലിട്ട് ഇനിയവനുറങ്ങും. സ്വന്തം പെങ്ങള്‍ കൈയേറ്റം ചെയ്യപ്പെടുന്നതറിയാതെ; നാടിന്റെ മുതലുകള്‍ കൊള്ള ചെയ്യപ്പെടുന്നതറിയാതെ; മാഫിയാ സംഘങ്ങളുടെ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതറിയാതെ. അവനെ ഉണര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. നമുക്ക് മദ്യത്തിന്റെ റവന്യൂവരുമാനമാണ് വലുത്. യുവാക്കള്‍ രോഷത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് വീശിയ റാലികളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ഭവ്യതയോടെ ശാന്തമായി അവരില്‍ പലരും വരിനില്‍ക്കുകയാണ്. ചില്ലറ മദ്യവില്‍പ്പനശാലകള്‍ക്കു മുമ്പില്‍. ബാക്കിയുള്ള യുവാക്കളെവിടെ? ഭാഗ്യം കാത്ത് കാത്ത് ജീവിതം തുലക്കുന്ന യുവനിര്‍ഭാഗ്യവാന്മാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്നും അവര്‍ എല്ലാം തുലഞ്ഞാല്‍ ഒടുവില്‍ ആത്മഹത്യ ചെയ്യുകയാണെന്നും വിലപിക്കുന്നത് നാടുഭരിക്കുന്ന മുഖ്യമന്ത്രി. ചൂതാട്ടത്തിന് പരിഹാരം സംവാദമാണെന്ന് ധനമന്ത്രി. ചൂതാട്ടമാഫിയക്ക് വേണ്ടി കേസ് വാദിക്കാന്‍ നല്ലത് നേതാവ് തന്നെയെന്ന് ദേശീയപാര്‍ട്ടി. ലോട്ടറി മാഫിയകളുടെ മൗലികാവകാശം നിഷേധിക്കരുതെന്ന് നീതിന്യായം. എല്ലാം കേരളത്തിന്റെ സൗഭാഗ്യം. സംവാദം തീരുന്നതുവരെ യുവാക്കള്‍ ലോട്ടറിക്കടകള്‍ക്ക് മുമ്പില്‍ തിക്കിത്തിരക്കട്ടെയെന്ന് തന്നെ.


പൗരന് കാവലാകേണ്ട ഭരണകൂടം ഒറ്റുകാരും ദല്ലാള്‍മാരുമായി അധഃപതിച്ചിരിക്കുന്നു. വികസനമെന്നപേരില്‍ അവര്‍ വില്‍പന പൊടിപൊടിക്കുന്നു. മണ്ണും കുന്നും കായലും കടലും കാടും റോഡും.... ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വില്‍ക്കാനെന്തുണ്ട് ബാക്കി? കണ്ടല്‍ക്കാടുകള്‍ വെട്ടിത്തെളിച്ചും വയലുകള്‍ ഒന്നാകെ നികത്തിയെടുത്തും സിമന്റ്കൂടുകള്‍ പണിതുയര്‍ത്തുന്നു. ഇത് വികസനമല്ല വിനാശമാണെന്നു പറയേണ്ടതാരാണ്? രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യം കാശുറപ്പിച്ച് കൈമാറുന്ന സാമ്രാജ്യത്വ സേവകരാണിന്ന് നാടു ഭരിക്കുന്നത്. ചെറുത്തുനില്‍ക്കേണ്ടവര്‍ കിടന്നുറങ്ങുമ്പോള്‍ തെരുവുകള്‍ ഓരോന്നായി അഭയാര്‍ഥികളുടെ നിലവിളികൊണ്ട് നിറയുകയാണ്. ചങ്കുറപ്പുള്ള യുവാക്കളില്ലെന്ന ധൈര്യത്തിലല്ലേ വികസനരാക്ഷസന്മാര്‍ നാടിന്റെ നെഞ്ചിലേക്ക് ബുള്‍ഡോസറുരുട്ടുന്നത്?യുവസുഹൃത്തെ,സത്യം പറയൂ.... താങ്കളുടെ മനസ്സാക്ഷി ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ? അന്തസ്സ്‌കെട്ട പാര്‍ട്ടിക്കൊടികള്‍ പിടിച്ച്, പഴകിപ്പുളിച്ച മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുരുവിട്ട് നാം എത്രകാലമാണീ നെറികേടുകളെ നോക്കിനില്‍ക്കുക. ഇത് നമ്മുടെ കൂടി നാടല്ലേ? ആര്‍ത്തിയുടെ ഏജന്റുമാര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ കൂടി സമ്പത്തല്ലേ? വമ്പന്മാരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് നമ്മുടെ തന്നെ മണ്ണല്ലേ? തെരുവോരങ്ങളില്‍ നിസ്സഹായമായി നിലവിളിക്കുന്നത് നമ്മുടെ കൂടി ചോരയല്ലേ? നമ്മുടെ പ്രിയപ്പെട്ട ഈ നാടിനുവേണ്ടിയും ജനതക്കുവേണ്ടിയും, അല്ല നമുക്കുവേണ്ടി നാം എന്തെങ്കിലും ചെയ്‌തേ തീരൂ.നാടിനുവേണ്ടിയുള്ള ഏത് നല്ല കാല്‍വെപ്പിലും താങ്കളുടെ കൂടെ സോളിഡാരിറ്റിയുണ്ടാകും. യുവത്വം ബാക്കിനില്‍ക്കുന്നവരുടെ ഒത്തുചേരലാണ് സോളിഡാരിറ്റി. സോളിഡാരിറ്റിയെന്നാല്‍ ഐക്യദാര്‍ഡ്യം എന്നാണര്‍ഥം. ധര്‍മത്തോടും നീതിയോടുമുള്ള ഐക്യദാര്‍ഡ്യം. അധര്‍മത്തോടും അനീതിയോടുമുള്ള ചെറുത്തുനില്‍പ്പ്. അതുതന്നെയാണീ യുവജനപ്രസ്ഥാനം. എന്താണ് തെളിവ്? മറ്റൊന്നുമല്ല. സോളിഡാരിറ്റി ഈ മണ്ണില്‍ ജീവിച്ച ഏഴുവര്‍ഷങ്ങള്‍. അതിന്റെ ജീവിതം തന്നെയാണിതിനൊക്കെ സാക്ഷി.സംശയമുണ്ടെങ്കില്‍ കുടിവെള്ളത്തിനുവേണ്ടി നിലവിളിച്ച പ്ലാച്ചിമടയിലെ ഗ്രാമീണരോടു ചോദിക്കൂ, സോളിഡാരിറ്റിയെ അറിയാമോയെന്ന്. ആ ഗ്രാമമാണല്ലോ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത്. അല്ലെങ്കില്‍ ചെങ്ങറയില്‍ മണ്ണിനുവേണ്ടി ഭരണകൂടത്തോട് കയര്‍ത്ത പച്ചമനുഷ്യരോട്. അതുമല്ലെങ്കില്‍ തീരങ്ങള്‍ തിരിച്ചുപിടിക്കാനിറങ്ങിയ കടലിന്റെ മക്കളോട്, ആറാട്ടുപുഴയിലെ സാധാരണക്കാരോട്, കുത്തകയെ ചെറുത്ത വ്യാപാരികളോട്, കിനാലൂരിലെ ജനങ്ങളോട്. അവരൊക്കെ സോളിഡാരിറ്റിയെ അറിയും. അവരോടൊപ്പമാണ് സോളിഡാരിറ്റി മുഖവും മതവും നോക്കാതെ സമരം ചെയ്തത്. നോട്ട് വാങ്ങാതെ ചെറുത്തുനിന്നത്. നെഞ്ചുറപ്പോടെ പോരാടിയത്. ഇനി ഇവിടുത്തെ ഭരണ മേലാളന്മാരെപ്പോലെ താങ്കളും ചോദിക്കുമോ എന്തിനാണ് 'വികസന'ത്തെ എതിര്‍ത്തതെന്ന്? വികസനത്തെ സോളിഡാരിറ്റി എതിര്‍ക്കാറില്ല. വികസനഭീകരതകളെ നോക്കിനില്‍ക്കാറുമില്ല. മനുഷ്യരെ തുരത്തുന്നത്, മണ്ണില്‍ വിഷം ചൊരിയുന്നത് എന്ത് വികസനമാണ്? അതുകൊണ്ടാണ് മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത് വേണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. ദേശീയപാത വില്‍ക്കാതെ വികസിപ്പിക്കണമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. കാട്ടാമ്പള്ളിയിലെ പാടശേഖരങ്ങളില്‍ ജനങ്ങളോടൊപ്പം കൃഷിയിറക്കിയതും കേരളത്തിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ പണിതതുമൊക്കെ സോളിഡാരിറ്റിയുടെ വികസന സംരംഭങ്ങള്‍ തന്നെയാണ്. കൂടുതലറിയാന്‍ കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ നക്കിത്തുടച്ച ഗ്രാമങ്ങളിലേക്ക് പോവണം. അവിടെ സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസപദ്ധതി താങ്കളുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താതിരിക്കില്ല. എന്‍ഡോസള്‍ഫാന്റെ ഇരകളെക്കുറിച്ച് സ്‌ക്രീനിലിരുന്ന് വലിയവായില്‍ ടോക്‌ഷോ നടത്തുന്നവര്‍ സോളിഡാരിറ്റിയെക്കുറിച്ച് ഒന്നും പറയില്ല. പക്ഷേ, കാസര്‍കോട്ടെ പച്ചമനുഷ്യര്‍ സോളിഡാരിറ്റി ഏറെക്കാലമായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ ഒരിക്കലും മറക്കില്ല. ഇനിയും അറിയണമെങ്കില്‍ സോളിഡാരിറ്റി നടപ്പാക്കിയ ഏതെങ്കിലും കുടിവെള്ളപദ്ധതി സന്ദര്‍ശിക്കുക. വികസനത്തിന്റെ ജനകീയ ഭാവമെന്താണെന്ന് താങ്കള്‍ക്കാ പാവങ്ങള്‍ ഗദ്ഗദത്തോടെ പറഞ്ഞുതരും.


ഇതിനൊക്കെ എവിടെനിന്നാണ് പണം അല്ലേ? താങ്കളുടെ മൗനത്തില്‍ ആ ചോദ്യമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മദ്യമാഫിയ? അതോ ലോട്ടറി മാഫിയയോ? ആ കറുത്ത നോട്ടുകെട്ടുകള്‍ സോളിഡാരിറ്റിക്ക് വേണ്ട. പാപത്തിന്റെ ശമ്പളം സോളിഡാരിറ്റിക്കു ചേരില്ല. വിദേശഫണ്ടുകള്‍ ആരോപിക്കുകയും വേണ്ട. പണം കേരളത്തിലെ നല്ല മനുഷ്യരുടെ കാരുണ്യമുള്ള കൈകളിലുണ്ട്. അര്‍ഹര്‍ക്കിതെത്തിക്കുവാനുള്ള വിശ്വസ്തമായ കരങ്ങളാണില്ലാതായത്. സോളിഡാരിറ്റിയില്‍ അവര്‍ വിശ്വാസ്യതയുടെ തെളിമ കാണുന്നു. നേരും നെറിയും തൊട്ടറിയുന്നു. അതിനാലവര്‍ പണം തരുന്നു. ഹൃദയപൂര്‍വം ലഭിക്കുന്ന പണത്തിന്റെ കൂടെ യുവതയുടെ കായികാധ്വാനവും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സേവനത്തിന്റെ പുതിയൊരു സംസ്‌കാരം. ഇതുതന്നെയല്ലേ നാടിനാവശ്യം.പുതിയൊരു കേരളമാണ് സോളിഡാരിറ്റിയുടെ സ്വപ്നം. നീതിയും ന്യായവും പുലരുന്ന കേരളം. നേരും നെറിയും മരിക്കാത്ത കേരളം. നമ്മുടെ വികസനം മനുഷ്യത്വപൂര്‍ണ്ണമാവണം. നമ്മുടെ നാട് തീവ്രവാദ-വര്‍ഗീയമുക്തമാവണം. നാടിന്റെ രാഷ്ട്രീയം ജനപക്ഷ രാഷ്ട്രീയമാവണം. കര്‍മശേഷിയുള്ള യുവാക്കളാണ് പുതിയ കേരളത്തിന്റെ കരുത്തുറ്റ ഈടുവെപ്പ്. യുവത്വത്തിന്റെ ഉള്‍ത്തുടിപ്പും സമര്‍പ്പണവുമാണ് നല്ലൊരു നാളെയുടെ സൃഷ്ടിപ്പിനാവശ്യം. യൗവനത്തിന്റെ കരുത്തിലും നെഞ്ചുറപ്പിലും സോളിഡാരിറ്റിക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. താങ്കള്‍ നന്മയെ സ്‌നേഹിക്കുന്ന ആളാണല്ലോ. അതിനാല്‍ നാടിനുവേണ്ടി നാം കൈകോര്‍ത്തേ മതിയാവൂ. തിന്മയുടെ ശക്തികളോട് നാം പൊരുതിയേ തീരൂ. സമ്പൂര്‍ണ നീതിയുടെ പക്ഷംചേരാന്‍, ജനകീയരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍, നിസ്വാര്‍ത്ഥസേവനം നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ താങ്കളുണ്ടാവുമെന്ന് സോളിഡാരിറ്റിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ യുവത്വം നഷ്ടപ്പെടും മുമ്പ്, നെഞ്ചുറപ്പ് മായും മുമ്പ്, നിസ്സംഗത പിടികൂടുംമുമ്പ് താങ്കളെ സോളിഡാരിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നു.


(സോളിഡാരിറ്റി സംഘടനാ കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ)

Saturday, November 27, 2010

പുതിയ കേരളത്തിന് നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്

പുതിയ കേരളത്തിന്
നമ്മള്‍ ചെറുപ്പക്കാരുടെ കൈയൊപ്പ്
സോളിഡാരിറ്റി പ്രചാരണം
2010 ഡിസംബര്‍ 1- 20
ജില്ലാ പ്രഖ്യാപനം
ഡിസംബര്‍ 2 വ്യാഴം വൈകു: 4.30
തലശ്ശേരി പുതിയ ബസ് സ്റാന്റ്
പങ്കെടുക്കുന്നവര്‍
പി.മുജീബുറഹ്മാന്‍
(സോളിഡാരിറ്റി പ്രസിഡണ്ട് )
അബ്ദുള്‍ ഹക്കീം നദിവി
(കാമ്പയിന്‍ സംസ്ഥാന കണ്‍വീനര്‍)
സോളിഡാരിറ്റി പവലിയന്‍
(9.30 AM 9.30 PM)
ഉദ്ഘാടനം : നവാസ് മേത്തര്‍
(പ്രസ്സ് ക്ളബ് പ്രസിഡണ്ട്, തലശ്ശേരി)
സോളിഡാരിറ്റി കണ്ണൂര്‍

Monday, November 22, 2010

എന്തുകൊണ്ട് സോളിഡാരിറ്റി ?

സോളിഡാരിറ്റിയെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കും എന്ന് പ്രതീക്ഷിക്കട്ടെ. സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും. രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും പച്ചയായി വെട്ടിനുറുക്കി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിവേദ്യമര്‍പ്പിക്കുന്ന കറുത്ത സായ്പന്മാരെക്കണ്ട് രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്. നടുക്കുകയും നോവിക്കുകയും ചെയ്യുന്ന കാഴ്ചകളാണെല്ലായിടത്തും.


ഇനി കാത്തുനില്‍പ്പ് സാധ്യമേയല്ല. നന്മയിലും നീതിയിലും വിശ്വാസമുള്ള മുഴുവന്‍ മനുഷ്യരും സമരസന്നദ്ധരായി എഴുന്നേറ്റ് നില്‍ക്കാന്‍ സമയമായിരിക്കുന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ കന്മതിലായി നാം കൈകോര്‍ത്ത് നില്‍ക്കുകയാണ് ഏകവഴി. തിന്മയുടെ വേതാളങ്ങള്‍ക്കെതിരെ നന്മയുടെ പക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം നാം രൂപപ്പെടുത്തിയേ തീരൂ.


യുവാക്കളാണ് നമ്മുടെ നാടിന്റെ കാമ്പും കാതലും. യുവത്വത്തിലാണ് നമ്മുടെ പ്രതീക്ഷ. യൗവനത്തിന്റെ വിപ്ലവശക്തിയെ നാടിന്റെ നന്മക്കുവേണ്ടി വഴിതിരിച്ച് വിടുകയാണ് സോളിഡാരിറ്റിയുടെ ലക്ഷ്യം. ഓരോ യുവാവും മാറ്റത്തിന്റെ ചാലക ശക്തിയാവണം. നിശ്ചയദാര്‍ഢ്യത്തിന്റെ കാരിരുമ്പാകണം. പ്രതിരോധത്തിന്റെ ശക്തി ദുര്‍ഗമാകണം. മനുഷ്യത്വത്തിന്റെ നിറകുടവും നന്മയുടെ വെള്ളിവെളിച്ചവുമാകണം. ഈ ലക്ഷ്യം മുന്നില്‍കണ്ട് സോളിഡാരിറ്റി യുവാക്കള്‍ക്ക് ആദര്‍ശബോധത്തിന്റെ കരുത്ത് പകരുന്നു. സദാചാര നിഷ്ഠയും മൂല്യബോധവും പഠിപ്പിക്കുന്നു. അങ്ങിനെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി അവരെ ഒന്നിച്ചുചേര്‍ക്കുന്നു. സോളിഡാരിറ്റി യുവത്വത്തിന്റെ സുഹൃത്തും ജീവിതത്തിന്റെ വഴികാട്ടിയുമായി നമുക്കനുഭവപ്പെടുന്നത് അതുകൊണ്ടാണ്.


ആദര്‍ശനിഷ്ഠയും വിപ്ലവ ബോധവുമുള്ള യുവാക്കള്‍ കര്‍മ ധീരരായി മുന്നോട്ടുവന്നാല്‍ അവരുടെ കരുത്ത് അജയ്യമായിരിക്കുമെന്ന് സോളിഡാരിറ്റിക്ക് ഉറപ്പുണ്ട്. അവര്‍ക്കുമുമ്പില്‍ പിശാചിന്റെ പട്ടാളങ്ങള്‍ക്ക് മുട്ടുവിറക്കും. അനീതിയുടെ കോട്ടയും കൊത്തളങ്ങളും വിളറി വീഴും. തിന്മയുടെ മഹാമേരുക്കള്‍ പിളര്‍ന്നുമാറും. കാലത്തിനുമേല്‍ അവര്‍ വിപ്ലവത്തിന്റെ മുദ്രചാര്‍ത്തും. ഇതാണ് ചരിത്രത്തിന്റെ പാഠം. ഇതുതന്നെയാണ് സോളിഡാരിറ്റിയുടെ അനുഭവവും.
സമരങ്ങളുടെ തീച്ചൂളയിലേക്ക് പിറന്നുവീണ സംഘടനയാണ് സോളിഡാരിറ്റി. മുതലാളിത്തത്തോടാണ് സോളിഡാരിറ്റിയുടെ ഒന്നാമത്തെ സമരം. ലോകത്തിന്റെ സകല നന്മകളുടെയും കടക്കല്‍ കത്തിവെക്കുന്ന പിശാചാണ് ഇന്നത്തെ മുതലാളിത്തം എന്ന് സോളിഡാരിറ്റി വിശ്വസിക്കുന്നു. ലോകത്തെ അടക്കിഭരിക്കാനും അടിമപ്പെടുത്താനുമുള്ള മുതലാളിത്ത കുതന്ത്രമാണ് ആഗോളവല്‍ക്കരണ പദ്ധതികളെന്ന് നാം മനസ്സിലാക്കുന്നു. അഫ്ഗാനിലും ഇറാഖിലും ക്യൂബയിലും എന്നുതുടങ്ങി ലോകത്തുടനീളമുള്ള മുതലാളിത്ത സാമ്രാജ്യത്വ കടന്നാക്രമങ്ങണള്‍ക്കെതിരെയും നാം അടയാത്ത കണ്ണുകള്‍ സൂക്ഷിക്കുന്നു. അമേരിക്കന്‍ പിന്തുണയോടെ ഫലസ്ത്വീന്‍ ജനതക്കുനേരെ ഇസ്രായേല്‍ നടത്തുന്ന കിരാതമായ ആക്രമണങ്ങള്‍ക്കെതിരെ നാം പ്രതിഷേധിക്കുന്നു. അവരുടെ സംസ്‌കാരത്തെ ധീരമായി ചെറുത്തുനില്‍ക്കുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നിഗൂഢപദ്ധതികളെ നാം ചോദ്യംചെയ്യുന്നു.


നമ്മുടെ നാടുഭരിക്കുന്ന മുതലാളിത്ത ഏജന്റുമാരെ സോളിഡാരിറ്റിക്ക് പലപ്പോഴും ചൂണ്ടിക്കാണിക്കേണ്ടി വന്നു. വികസനത്തിന്റെ പേരില്‍ അവര്‍ നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതികള്‍ക്കെതിരെ ജനങ്ങളോടൊപ്പം നിന്ന് നാം ആഞ്ഞടിച്ചു. നാടിനെ പിളര്‍ക്കുന്ന എക്‌സ്പ്രസ് ഹൈവെക്കെതിരെയും തീരം തകര്‍ക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുമുള്ള സമരങ്ങള്‍ മുതലാളിത്ത വികസനഭീകരതക്കെതിരായ സമരങ്ങളായിരുന്നു. പ്ലാച്ചിമടയിലും വെളിച്ചിക്കാലയിലും നാം തലതിരിഞ്ഞ വികസനത്തെ ചോദ്യംചെയ്തു. ഭൂമാഫിയകള്‍ക്ക് നേരെ സധൈര്യം വിരല്‍ചൂണ്ടി. രാജ്യത്തെ ഒറ്റുകൊടുത്തുണ്ടാക്കിയ ആണവകരാറിനെതിരെ നാം ശക്തമായി പോരാടിക്കൊണ്ടിരിക്കുന്നു. ഒട്ടനേകം സാമൂഹിക പ്രശ്‌നങ്ങളില്‍ യുവത്വത്തിന്റെ കരുത്തോടെ സോളിഡാരിറ്റി ഇടപെട്ടു. ചിലപ്പോള്‍ അഴിമതിയും മയക്കുമരുന്നും പോലുള്ള സാമൂഹ്യ അര്‍ബുദങ്ങള്‍ക്കെതിരെ താക്കീതായി. മറ്റുചിലപ്പോള്‍ ജനങ്ങള്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ പൊരുതി നേടാന്‍. കോടിക്കണക്കിന് മനുഷ്യര്‍ക്ക് അന്നം നല്‍കുന്ന ചില്ലറ വ്യാപാര മേഖല കുത്തകകള്‍ക്ക് തുറന്നുകൊടുത്ത നയത്തിനെതിരെ സോളിഡാരിറ്റി വ്യാപാരികള്‍ക്കൊപ്പം നിന്ന് പോരാടിക്കൊണ്ടിരിക്കുന്നു. ആര്‍ത്തിയടങ്ങാത്ത മുതലാളിമാരുടെ സ്വാര്‍ഥ മോഹങ്ങള്‍ക്കുവേണ്ടി കടലിന്റെ മക്കളെ തീരദേശത്തുനിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പും സംഘടന തുടങ്ങിക്കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റിയിലും മൂലമ്പിള്ളിയിലും ഉയര്‍ന്നതുപോലെ നാട്ടിലുടനീളമുള്ള നിരാലംബരുടെ അവകാശ പ്രഖ്യാപനത്തിന്റെ ശബ്ദമാണ് സോളിഡാരിറ്റിയുടെ പോരാട്ടങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്. കൃഷിയിറക്കാനും കിടന്നുറങ്ങാനുമുള്ള ഒരുതുണ്ട് ഭൂമിക്കുവേണ്ടി ചെങ്ങറയില്‍ സമരം ചെയ്യുന്ന പാവങ്ങളെ സോളിഡാരിറ്റി സര്‍വവിധത്തിലും പിന്തുണച്ചിട്ടുണ്ട്. അവരെ ഉപരോധിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന ട്രേഡ്‌യൂനിയന്‍ ജനാധിപത്യവിരുദ്ധ ധാര്‍ഷ്ട്യത്തെയാണ് ഉപരോധലംഘന സമരത്തിലൂടെ നാം കൈകാര്യം ചെയ്തത്. 


പോരാട്ടത്തിന്റെ കനല്‍വീഥികളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും സോളിഡാരിറ്റി പാവങ്ങളുടെ കണ്ണുനീരും കഷ്ടപ്പാടും ഒരിക്കലും മറന്നില്ല. സോളിഡാരിറ്റിയുടെ ഒരു പ്രവര്‍ത്തകനെങ്കിലുമുള്ള പ്രദേശങ്ങളില്‍ സേവനവും സാന്ത്വനവും ഉണ്ടാവണമെന്ന് സംഘടനക്ക് നിര്‍ബന്ധമുണ്ട്. നാടിന്റെ സേവനചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് സോളിഡാരിറ്റി നടപ്പാക്കിയ ഭവന നിര്‍മാണ പദ്ധതി. സ്വന്തം പ്രവര്‍ത്തകരുടെ അധ്വാനശേഷിയും ഉദാരമതികളുടെ സഹായവും പ്രയോജനപ്പെടുത്തി പാവങ്ങള്‍ക്ക് 1000 ലധികം വീടുകള്‍ നാം നിര്‍മിച്ചുനല്‍കിയപ്പോള്‍ അത് നാടിന് പുതിയൊരു സേവനസംസ്‌കാരം കൂടി പകര്‍ന്നു നല്‍കി. ഇപ്പോഴിതാ എന്‍ഡോസള്‍ഫാന്റെ വിഷമഴ വീണ് വരണ്ടുണങ്ങിപ്പോയ കാസര്‍കോട്ടെ ഗ്രാമങ്ങള്‍ക്കുവേണ്ടി ഒരു ഒരു കോടി രൂപ ചെലവഴിച്ച്‌
വമ്പിച്ച പുനരധിവാസ പരിപാടി സംഘടന സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിച്ചെങ്കില്‍ അതൊരു ചരിത്ര സംഭവമാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്.
വര്‍ഗീയ ആക്രമണങ്ങളും മതവൈരവുമാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി എന്ന് സോളിഡാരിറ്റി മനസ്സിലാക്കുന്നു. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി അത് മുതലെടുത്താണ് വര്‍ഗീയ ശക്തികള്‍ നമ്മുടെ നാട്ടില്‍ വേരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗീയതയെയും തീവ്രവാദത്തെയും അതേനാണയം കൊണ്ട് നേരിടാനാകുമെന്ന് സോളിഡാരിറ്റി വിശ്വസിക്കുന്നില്ല. മതസമൂഹങ്ങള്‍ക്കിടയിലെ സ്‌നേഹവും ഇഴയടുപ്പവും പരസ്പരബന്ധവുമാണ് വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ വഴി എന്ന് സോളിഡാരിറ്റി ഉറച്ചുവിശ്വസിക്കുന്നു. മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മതങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാണിത് സാധിക്കേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ അകത്തുനിന്നായാലും പുറത്തുനിന്നായാലും ശക്തമായി ചെറുത്തേതീരൂ. കെട്ടുറപ്പുള്ള ജനതയാണ് ഭീകരാക്രമണങ്ങള്‍ക്കെതിരായ ഏറ്റവും നല്ല കാവല്‍ എന്നുനാം മനസ്സിലാക്കുന്നു.


രാജ്യത്ത് നിലനില്‍ക്കുന്ന ജാതിവിവേചനത്തെയും സോളിഡാരിറ്റി ശക്തമായി ചോദ്യം ചെയ്യുന്നു. വിവേചനങ്ങള്‍ക്കെതിരെ മനുഷ്യസമത്വം എന്നതാണ് നമ്മുടെ മുദ്രാവാക്യം. വിവേചനങ്ങള്‍ കാരണമായി മാത്രം സാമൂഹിക അധികാര മണ്ഡലങ്ങളില്‍ പിന്നാക്കം നിന്നുപോയ ജനതകള്‍ക്ക് വേണ്ടിയും സോളിഡാരിറ്റി എന്നും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നിട്ടുണ്ട്. നീതിനിഷേധവും വിവേചനങ്ങളുമാണ് പലപ്പോഴും തീവ്രവാദങ്ങള്‍ക്ക് വളമാകുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നു.
പറഞ്ഞല്ലോ, തിന്മയുടെയും അനീതിയുടെയും മലവെള്ളപ്പാച്ചിലില്‍ കരയിടിയാതെ കരുത്തുകാട്ടുന്ന തുരുത്താണ് സോളിഡാരിറ്റിയെന്ന്. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ക്ക് സോളിഡാരിറ്റിയെ പിന്തുണക്കാം, അതില്‍ അണിചേരാം, അതിനെ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, അങ്ങിനെയല്ല ഇങ്ങിനെയാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കാം. സാമൂഹികതയുടെയും ഇടപെടലുകളുടെയും വിശാലതയില്‍ നിന്ന് ഒളിച്ചോടി വ്യക്തി താല്‍പര്യങ്ങളുടെ കരിമ്പടങ്ങളില്‍ കൂനിയിരിക്കാന്‍, നിസംഗതയുടെ പൊത്തുകളില്‍ ഒളിച്ചിരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ. തിന്മ ചെയ്യുന്നവരെ മാത്രമല്ല നിസംഗരായി ഇരിക്കുന്നവരെയും പിടികൂടാനിരിക്കുന്ന മഹാവിപത്തുകളെക്കുറിച്ച് സോളിഡാരിറ്റി നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.


ഇനി നിങ്ങള്‍ തീരുമാനിക്കണം. നിങ്ങളും സോളിഡാരിറ്റിയും തമ്മിലുള്ള ബന്ധമെന്താണെന്ന്. നന്മയെ സ്‌നേഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, തിന്മയോട് തീര്‍ത്താല്‍ തീരാത്ത അരിശമുള്ള ആളാണ് നിങ്ങളെങ്കില്‍, മര്‍ദ്ദിതര്‍ക്കുവേണ്ടി നിങ്ങളുടെ കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയുണ്ടെങ്കില്‍, മര്‍ദ്ദകര്‍ക്കെതിരില്‍ ഉയര്‍ത്താന്‍ നിങ്ങളുടെ മുഷ്ടിക്ക് കരുത്തുണ്ടെങ്കില്‍ നിങ്ങള്‍ക്കും സോളിഡാരിറ്റിയില്‍ ഇടമുണ്ട്. എന്നല്ല, നിങ്ങളും സോളിഡാരിറ്റിയുടെ ഭാഗമാണ്. നിങ്ങളും ജാതിയും മതവും ഏതുമാകട്ടെ. നിങ്ങളുടെ ഭാഗം നിങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. സോളിഡാരിറ്റിയിലേക്ക് നിങ്ങള്‍ക്ക് ഹൃദയപൂര്‍വമായ സ്വാഗതം