Wednesday, December 15, 2010

വേദന പങ്കുവെക്കാന്‍ വിഷമഴയുടെ ഇരകള്‍ ഒത്തുചേര്‍ന്നു

വേദന പങ്കുവെക്കാന്‍ വിഷമഴയുടെ 
ഇരകള്‍ ഒത്തുചേര്‍ന്നു
കണ്ണൂര്‍: 'ഹെലികോപ്റ്ററില് മരുന്നടിക്കുമ്പോ കുഞ്ഞ്യോളെയും കൂട്ടീറ്റാന്ന് ഞങ്ങള് കാണാന്‍ പോയത്. പ്ലാന്റേഷന്‍ തോട്ടത്തിന്റെ അതിരുവിട്ട് ഞങ്ങളുടെ പറമ്പിലെല്ലാം മര്ന്നടിച്ചിറ്റാ മ്പൊ നല്ല സന്തോഷായിരുന്നു. പക്ഷേ, ഇന്ന് നമ്മള്‍ അനുഭവിക്കുന്ന വേദനയും സങ്കടവും എങ്ങനെ പറയണമെന്നറിയില്ല...'
വിഷമഴ വിതച്ച ദുരന്താനുഭവങ്ങളുമായി കാങ്കോല്‍^ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്നെത്തിയ കുന്നുമ്മല്‍ ജയന്തിക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയിലാണ് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നെത്തിയ വിഷമഴയുടെ ഇരകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.
നടക്കാനോ ഇരിക്കാനോ കഴിയാത്ത തന്റെ മക്കളെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടില്ലെന്നും തന്റെ വീട്ടിലേക്ക് ഇതേവരെ ആരും അന്വേഷണത്തിനു വരുകയോ കണക്കെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ലെന്നും ജയന്തി പറഞ്ഞു. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത മക്കളെ നോക്കേണ്ടതിനാല്‍ കൂലപ്പണിക്കു പോകാന്‍ പോലും കഴിയുന്നില്ലെന്ന് അവര്‍ വിവരിച്ചു.
'ആദ്യം കണ്ണു തുറക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. പിന്നെ മേലാകെ തൊലിപൊട്ടാന്‍ തുടങ്ങി. വെളിച്ചത്തേക്കു നോക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല'.
ശരീരം മുഴുവന്‍ വ്രണം വന്ന് പൊട്ടിയൊലിക്കുന്ന ഗോകുല്‍രാജിന്റെ അമ്മ കമലാക്ഷിയുടെ വിവരണം കേട്ടുനിന്നവരുടെ മനസ്സ് നോവിക്കുന്നതായി. ഗോകുല്‍രാജിന്റെ ബന്ധു നാരായണനും എത്തിയിരുന്നു.
ശരീരം ശോഷിച്ച് കടുത്ത വേദനാസംഹാരിയുടെ സഹായത്തോടെ ജീവിക്കുന്ന അജിത്ത് അച്ഛന്‍ ജയിംസ്, അമ്മ ആലീസ് എന്നിവരോടൊപ്പമാണെത്തിയത്.
മകനും തങ്ങളും അനുഭവിക്കുന്ന വേദനയുടെ ആഴം ജയിംസ് സദസ്യരോട് പങ്കുവെച്ചു.
'മക്തബ്' സായാഹ്നപത്രം എഡിറ്ററും സാമൂഹികപ്രവര്‍ത്തകനുമായ കെ. സുനില്‍കുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സാദിഖ്, കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സോളിഡാരിറ്റി കാസര്‍കോട് ജില്ലാ സെക്രട്ടറി ശഫീഖ് നസറുല്ല, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഖദീജ എന്നിവര്‍ പങ്കെടുത്തു. ടി.കെ. റിയാസ് സ്വാഗതവും കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.
ദുരിതബാധിതരായ അജിത്ത്, മാതാപിതാക്കളായ ജയിംസ്, ആലീസ്, സ്മിഷയുടെ അമ്മ കുന്നുമ്മല്‍ ജയന്തി, ഗോകുല്‍രാജിന്റെ അമ്മ കെ. കമലാക്ഷി, ബന്ധു നാരായണന്‍ എന്നിവര്‍ സോളിഡാരിറ്റി ഭാരവാഹികളായ ടി.കെ. റിയാസ്, കെ. സക്കരിയ, ടി.കെ. അസ്ലം എന്നിവരോടൊപ്പം ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള എന്നിവര്‍ക്ക് നിവേദനം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ഫോട്ടോ പ്രദര്‍ശനവും 'സ്പര്‍ശം' ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
15-12-2010

0 comments: