Monday, November 22, 2010

എന്തുകൊണ്ട് സോളിഡാരിറ്റി ?

സോളിഡാരിറ്റിയെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കും എന്ന് പ്രതീക്ഷിക്കട്ടെ. സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും. രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും പച്ചയായി വെട്ടിനുറുക്കി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിവേദ്യമര്‍പ്പിക്കുന്ന കറുത്ത സായ്പന്മാരെക്കണ്ട് രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്. നടുക്കുകയും നോവിക്കുകയും ചെയ്യുന്ന കാഴ്ചകളാണെല്ലായിടത്തും.


ഇനി കാത്തുനില്‍പ്പ് സാധ്യമേയല്ല. നന്മയിലും നീതിയിലും വിശ്വാസമുള്ള മുഴുവന്‍ മനുഷ്യരും സമരസന്നദ്ധരായി എഴുന്നേറ്റ് നില്‍ക്കാന്‍ സമയമായിരിക്കുന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ കന്മതിലായി നാം കൈകോര്‍ത്ത് നില്‍ക്കുകയാണ് ഏകവഴി. തിന്മയുടെ വേതാളങ്ങള്‍ക്കെതിരെ നന്മയുടെ പക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം നാം രൂപപ്പെടുത്തിയേ തീരൂ.


യുവാക്കളാണ് നമ്മുടെ നാടിന്റെ കാമ്പും കാതലും. യുവത്വത്തിലാണ് നമ്മുടെ പ്രതീക്ഷ. യൗവനത്തിന്റെ വിപ്ലവശക്തിയെ നാടിന്റെ നന്മക്കുവേണ്ടി വഴിതിരിച്ച് വിടുകയാണ് സോളിഡാരിറ്റിയുടെ ലക്ഷ്യം. ഓരോ യുവാവും മാറ്റത്തിന്റെ ചാലക ശക്തിയാവണം. നിശ്ചയദാര്‍ഢ്യത്തിന്റെ കാരിരുമ്പാകണം. പ്രതിരോധത്തിന്റെ ശക്തി ദുര്‍ഗമാകണം. മനുഷ്യത്വത്തിന്റെ നിറകുടവും നന്മയുടെ വെള്ളിവെളിച്ചവുമാകണം. ഈ ലക്ഷ്യം മുന്നില്‍കണ്ട് സോളിഡാരിറ്റി യുവാക്കള്‍ക്ക് ആദര്‍ശബോധത്തിന്റെ കരുത്ത് പകരുന്നു. സദാചാര നിഷ്ഠയും മൂല്യബോധവും പഠിപ്പിക്കുന്നു. അങ്ങിനെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി അവരെ ഒന്നിച്ചുചേര്‍ക്കുന്നു. സോളിഡാരിറ്റി യുവത്വത്തിന്റെ സുഹൃത്തും ജീവിതത്തിന്റെ വഴികാട്ടിയുമായി നമുക്കനുഭവപ്പെടുന്നത് അതുകൊണ്ടാണ്.


ആദര്‍ശനിഷ്ഠയും വിപ്ലവ ബോധവുമുള്ള യുവാക്കള്‍ കര്‍മ ധീരരായി മുന്നോട്ടുവന്നാല്‍ അവരുടെ കരുത്ത് അജയ്യമായിരിക്കുമെന്ന് സോളിഡാരിറ്റിക്ക് ഉറപ്പുണ്ട്. അവര്‍ക്കുമുമ്പില്‍ പിശാചിന്റെ പട്ടാളങ്ങള്‍ക്ക് മുട്ടുവിറക്കും. അനീതിയുടെ കോട്ടയും കൊത്തളങ്ങളും വിളറി വീഴും. തിന്മയുടെ മഹാമേരുക്കള്‍ പിളര്‍ന്നുമാറും. കാലത്തിനുമേല്‍ അവര്‍ വിപ്ലവത്തിന്റെ മുദ്രചാര്‍ത്തും. ഇതാണ് ചരിത്രത്തിന്റെ പാഠം. ഇതുതന്നെയാണ് സോളിഡാരിറ്റിയുടെ അനുഭവവും.
സമരങ്ങളുടെ തീച്ചൂളയിലേക്ക് പിറന്നുവീണ സംഘടനയാണ് സോളിഡാരിറ്റി. മുതലാളിത്തത്തോടാണ് സോളിഡാരിറ്റിയുടെ ഒന്നാമത്തെ സമരം. ലോകത്തിന്റെ സകല നന്മകളുടെയും കടക്കല്‍ കത്തിവെക്കുന്ന പിശാചാണ് ഇന്നത്തെ മുതലാളിത്തം എന്ന് സോളിഡാരിറ്റി വിശ്വസിക്കുന്നു. ലോകത്തെ അടക്കിഭരിക്കാനും അടിമപ്പെടുത്താനുമുള്ള മുതലാളിത്ത കുതന്ത്രമാണ് ആഗോളവല്‍ക്കരണ പദ്ധതികളെന്ന് നാം മനസ്സിലാക്കുന്നു. അഫ്ഗാനിലും ഇറാഖിലും ക്യൂബയിലും എന്നുതുടങ്ങി ലോകത്തുടനീളമുള്ള മുതലാളിത്ത സാമ്രാജ്യത്വ കടന്നാക്രമങ്ങണള്‍ക്കെതിരെയും നാം അടയാത്ത കണ്ണുകള്‍ സൂക്ഷിക്കുന്നു. അമേരിക്കന്‍ പിന്തുണയോടെ ഫലസ്ത്വീന്‍ ജനതക്കുനേരെ ഇസ്രായേല്‍ നടത്തുന്ന കിരാതമായ ആക്രമണങ്ങള്‍ക്കെതിരെ നാം പ്രതിഷേധിക്കുന്നു. അവരുടെ സംസ്‌കാരത്തെ ധീരമായി ചെറുത്തുനില്‍ക്കുന്നു. രാജ്യത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നിഗൂഢപദ്ധതികളെ നാം ചോദ്യംചെയ്യുന്നു.


നമ്മുടെ നാടുഭരിക്കുന്ന മുതലാളിത്ത ഏജന്റുമാരെ സോളിഡാരിറ്റിക്ക് പലപ്പോഴും ചൂണ്ടിക്കാണിക്കേണ്ടി വന്നു. വികസനത്തിന്റെ പേരില്‍ അവര്‍ നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതികള്‍ക്കെതിരെ ജനങ്ങളോടൊപ്പം നിന്ന് നാം ആഞ്ഞടിച്ചു. നാടിനെ പിളര്‍ക്കുന്ന എക്‌സ്പ്രസ് ഹൈവെക്കെതിരെയും തീരം തകര്‍ക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുമുള്ള സമരങ്ങള്‍ മുതലാളിത്ത വികസനഭീകരതക്കെതിരായ സമരങ്ങളായിരുന്നു. പ്ലാച്ചിമടയിലും വെളിച്ചിക്കാലയിലും നാം തലതിരിഞ്ഞ വികസനത്തെ ചോദ്യംചെയ്തു. ഭൂമാഫിയകള്‍ക്ക് നേരെ സധൈര്യം വിരല്‍ചൂണ്ടി. രാജ്യത്തെ ഒറ്റുകൊടുത്തുണ്ടാക്കിയ ആണവകരാറിനെതിരെ നാം ശക്തമായി പോരാടിക്കൊണ്ടിരിക്കുന്നു. ഒട്ടനേകം സാമൂഹിക പ്രശ്‌നങ്ങളില്‍ യുവത്വത്തിന്റെ കരുത്തോടെ സോളിഡാരിറ്റി ഇടപെട്ടു. ചിലപ്പോള്‍ അഴിമതിയും മയക്കുമരുന്നും പോലുള്ള സാമൂഹ്യ അര്‍ബുദങ്ങള്‍ക്കെതിരെ താക്കീതായി. മറ്റുചിലപ്പോള്‍ ജനങ്ങള്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ പൊരുതി നേടാന്‍. കോടിക്കണക്കിന് മനുഷ്യര്‍ക്ക് അന്നം നല്‍കുന്ന ചില്ലറ വ്യാപാര മേഖല കുത്തകകള്‍ക്ക് തുറന്നുകൊടുത്ത നയത്തിനെതിരെ സോളിഡാരിറ്റി വ്യാപാരികള്‍ക്കൊപ്പം നിന്ന് പോരാടിക്കൊണ്ടിരിക്കുന്നു. ആര്‍ത്തിയടങ്ങാത്ത മുതലാളിമാരുടെ സ്വാര്‍ഥ മോഹങ്ങള്‍ക്കുവേണ്ടി കടലിന്റെ മക്കളെ തീരദേശത്തുനിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പും സംഘടന തുടങ്ങിക്കഴിഞ്ഞു. സ്മാര്‍ട്ട് സിറ്റിയിലും മൂലമ്പിള്ളിയിലും ഉയര്‍ന്നതുപോലെ നാട്ടിലുടനീളമുള്ള നിരാലംബരുടെ അവകാശ പ്രഖ്യാപനത്തിന്റെ ശബ്ദമാണ് സോളിഡാരിറ്റിയുടെ പോരാട്ടങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്. കൃഷിയിറക്കാനും കിടന്നുറങ്ങാനുമുള്ള ഒരുതുണ്ട് ഭൂമിക്കുവേണ്ടി ചെങ്ങറയില്‍ സമരം ചെയ്യുന്ന പാവങ്ങളെ സോളിഡാരിറ്റി സര്‍വവിധത്തിലും പിന്തുണച്ചിട്ടുണ്ട്. അവരെ ഉപരോധിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന ട്രേഡ്‌യൂനിയന്‍ ജനാധിപത്യവിരുദ്ധ ധാര്‍ഷ്ട്യത്തെയാണ് ഉപരോധലംഘന സമരത്തിലൂടെ നാം കൈകാര്യം ചെയ്തത്. 


പോരാട്ടത്തിന്റെ കനല്‍വീഥികളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും സോളിഡാരിറ്റി പാവങ്ങളുടെ കണ്ണുനീരും കഷ്ടപ്പാടും ഒരിക്കലും മറന്നില്ല. സോളിഡാരിറ്റിയുടെ ഒരു പ്രവര്‍ത്തകനെങ്കിലുമുള്ള പ്രദേശങ്ങളില്‍ സേവനവും സാന്ത്വനവും ഉണ്ടാവണമെന്ന് സംഘടനക്ക് നിര്‍ബന്ധമുണ്ട്. നാടിന്റെ സേവനചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് സോളിഡാരിറ്റി നടപ്പാക്കിയ ഭവന നിര്‍മാണ പദ്ധതി. സ്വന്തം പ്രവര്‍ത്തകരുടെ അധ്വാനശേഷിയും ഉദാരമതികളുടെ സഹായവും പ്രയോജനപ്പെടുത്തി പാവങ്ങള്‍ക്ക് 1000 ലധികം വീടുകള്‍ നാം നിര്‍മിച്ചുനല്‍കിയപ്പോള്‍ അത് നാടിന് പുതിയൊരു സേവനസംസ്‌കാരം കൂടി പകര്‍ന്നു നല്‍കി. ഇപ്പോഴിതാ എന്‍ഡോസള്‍ഫാന്റെ വിഷമഴ വീണ് വരണ്ടുണങ്ങിപ്പോയ കാസര്‍കോട്ടെ ഗ്രാമങ്ങള്‍ക്കുവേണ്ടി ഒരു ഒരു കോടി രൂപ ചെലവഴിച്ച്‌
വമ്പിച്ച പുനരധിവാസ പരിപാടി സംഘടന സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിച്ചെങ്കില്‍ അതൊരു ചരിത്ര സംഭവമാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്.
വര്‍ഗീയ ആക്രമണങ്ങളും മതവൈരവുമാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി എന്ന് സോളിഡാരിറ്റി മനസ്സിലാക്കുന്നു. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തി അത് മുതലെടുത്താണ് വര്‍ഗീയ ശക്തികള്‍ നമ്മുടെ നാട്ടില്‍ വേരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഗീയതയെയും തീവ്രവാദത്തെയും അതേനാണയം കൊണ്ട് നേരിടാനാകുമെന്ന് സോളിഡാരിറ്റി വിശ്വസിക്കുന്നില്ല. മതസമൂഹങ്ങള്‍ക്കിടയിലെ സ്‌നേഹവും ഇഴയടുപ്പവും പരസ്പരബന്ധവുമാണ് വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ഏറ്റവും ഉചിതമായ വഴി എന്ന് സോളിഡാരിറ്റി ഉറച്ചുവിശ്വസിക്കുന്നു. മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മതങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാണിത് സാധിക്കേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ അകത്തുനിന്നായാലും പുറത്തുനിന്നായാലും ശക്തമായി ചെറുത്തേതീരൂ. കെട്ടുറപ്പുള്ള ജനതയാണ് ഭീകരാക്രമണങ്ങള്‍ക്കെതിരായ ഏറ്റവും നല്ല കാവല്‍ എന്നുനാം മനസ്സിലാക്കുന്നു.


രാജ്യത്ത് നിലനില്‍ക്കുന്ന ജാതിവിവേചനത്തെയും സോളിഡാരിറ്റി ശക്തമായി ചോദ്യം ചെയ്യുന്നു. വിവേചനങ്ങള്‍ക്കെതിരെ മനുഷ്യസമത്വം എന്നതാണ് നമ്മുടെ മുദ്രാവാക്യം. വിവേചനങ്ങള്‍ കാരണമായി മാത്രം സാമൂഹിക അധികാര മണ്ഡലങ്ങളില്‍ പിന്നാക്കം നിന്നുപോയ ജനതകള്‍ക്ക് വേണ്ടിയും സോളിഡാരിറ്റി എന്നും ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നിട്ടുണ്ട്. നീതിനിഷേധവും വിവേചനങ്ങളുമാണ് പലപ്പോഴും തീവ്രവാദങ്ങള്‍ക്ക് വളമാകുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാകുന്നു.
പറഞ്ഞല്ലോ, തിന്മയുടെയും അനീതിയുടെയും മലവെള്ളപ്പാച്ചിലില്‍ കരയിടിയാതെ കരുത്തുകാട്ടുന്ന തുരുത്താണ് സോളിഡാരിറ്റിയെന്ന്. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. നിങ്ങള്‍ക്ക് സോളിഡാരിറ്റിയെ പിന്തുണക്കാം, അതില്‍ അണിചേരാം, അതിനെ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, അങ്ങിനെയല്ല ഇങ്ങിനെയാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കാം. സാമൂഹികതയുടെയും ഇടപെടലുകളുടെയും വിശാലതയില്‍ നിന്ന് ഒളിച്ചോടി വ്യക്തി താല്‍പര്യങ്ങളുടെ കരിമ്പടങ്ങളില്‍ കൂനിയിരിക്കാന്‍, നിസംഗതയുടെ പൊത്തുകളില്‍ ഒളിച്ചിരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ. തിന്മ ചെയ്യുന്നവരെ മാത്രമല്ല നിസംഗരായി ഇരിക്കുന്നവരെയും പിടികൂടാനിരിക്കുന്ന മഹാവിപത്തുകളെക്കുറിച്ച് സോളിഡാരിറ്റി നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.


ഇനി നിങ്ങള്‍ തീരുമാനിക്കണം. നിങ്ങളും സോളിഡാരിറ്റിയും തമ്മിലുള്ള ബന്ധമെന്താണെന്ന്. നന്മയെ സ്‌നേഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, തിന്മയോട് തീര്‍ത്താല്‍ തീരാത്ത അരിശമുള്ള ആളാണ് നിങ്ങളെങ്കില്‍, മര്‍ദ്ദിതര്‍ക്കുവേണ്ടി നിങ്ങളുടെ കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ ബാക്കിയുണ്ടെങ്കില്‍, മര്‍ദ്ദകര്‍ക്കെതിരില്‍ ഉയര്‍ത്താന്‍ നിങ്ങളുടെ മുഷ്ടിക്ക് കരുത്തുണ്ടെങ്കില്‍ നിങ്ങള്‍ക്കും സോളിഡാരിറ്റിയില്‍ ഇടമുണ്ട്. എന്നല്ല, നിങ്ങളും സോളിഡാരിറ്റിയുടെ ഭാഗമാണ്. നിങ്ങളും ജാതിയും മതവും ഏതുമാകട്ടെ. നിങ്ങളുടെ ഭാഗം നിങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. സോളിഡാരിറ്റിയിലേക്ക് നിങ്ങള്‍ക്ക് ഹൃദയപൂര്‍വമായ സ്വാഗതം