Saturday, January 15, 2011

SOLIDARITY MADAYI

ചൈനാക്ലേയുടെ അവാര്‍ഡിനെതിരെ പ്രതിഷേധിച്ച
പരിസ്ഥിതി സംരക്ഷണ ജാഥക്കുനേരെ കൈയേറ്റം
പഴയങ്ങാടി: പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന ചൈനാക്ലേ കമ്പനിക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ജാഥക്കുനേരെ എരിപുരത്ത് അക്രമം. സോളിഡാരിറ്റി പ്രവര്‍ത്തകരായ വി.കെ. നസീഹ്, പി.എം. അബ്ദുല്ല, ഫവാസ് ഖമറുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബാങ്ക് ജീവനക്കാരടക്കമുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.
മാടായി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍നിന്ന് കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കേരള ക്ലേസ് ആന്‍ഡ് സിറാമിക്സ് കമ്പനി മാടായി ബോയ്സ് ഹൈസ്കൂളില്‍ ചടങ്ങ് സംഘടിപ്പിക്കുന്നത് നേരത്തെ വിവാദമായിരുന്നു. ഗുരുതര പരിസ്ഥിതി പ്രശ്നമുയര്‍ന്നതിനാല്‍ എതിര്‍പ്പ് നേരിടുന്ന കമ്പനി അവാര്‍ഡ് വിതരണം നടത്തുന്നത് ജനസമ്മതി നേടാനാണെന്നും ഇതിന് വിദ്യാലയധികൃതര്‍ അനുമതി നല്‍കരുതെന്നും ഖനനത്തിനെതിരെ ചങ്ങല തീര്‍ത്ത വിദ്യാര്‍ഥികളെ കമ്പനിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ഉപകരണമാക്കരുതെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ഈ ചടങ്ങില്‍ മാടായി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുക്കരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. മാടായി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചൈനാക്ലേ അധികൃതരും സംബന്ധിക്കുന്ന ചടങ്ങിനെതിരെ കരിങ്കൊടി കാണിക്കാനുള്ള ശ്രമവും സംഘം ചേര്‍ന്നെത്തിയ അക്രമിസംഘം തടഞ്ഞു.
ചൈനാക്ലേ കമ്പനിക്കെതിരെയുള്ള ജനവികാരം മുതലെടുത്ത് അധികാരതാല്‍പര്യം സംരക്ഷിക്കുകയായിരുന്നു മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ബദറുദ്ദീനെന്നും അവസാനശ്വാസംവരെ ചൈനാക്ലേ അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുമെന്ന്  പ്രമുഖ ചാനലില്‍ പരസ്യപ്രസ്താവന നടത്തിയ വൈസ് പ്രസിഡന്റ് അവാര്‍ഡുദാനത്തില്‍ പങ്കെടുക്കുകവഴി ചൈനാക്ലേ കമ്പനിയുടെ ചാരനാണെന്ന  നേരത്തെയുള്ള ആരോപണം യാഥാര്‍ഥ്യമാണെന്ന് തെളിയിച്ചതായും സോളിഡാരിറ്റി മാടായി ഏരിയ സമിതി പ്രസിഡന്റ് സി. അബ്ദുല്‍ ഗനി ആരോപിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൌണില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്‍ഗനി, എ.പി.വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
കുടിവെള്ളം മുട്ടിച്ചും കൃഷിനാശം നടത്തിയും ഖനനം തുടരുന്ന ചൈനാക്ലേ കമ്പനിക്കെതിരെയും അവാര്‍ഡ് വിതരണത്തിന് വേദിയൊരുക്കിയ വിദ്യാലയ അധികൃതര്‍ക്കെതിരെയും സമാധാനപരമായി പ്രകടനം നടത്തിയ സോളിഡാരിറ്റിയുടെ സംരക്ഷണജാഥക്കുനേരെ നടന്ന ആക്രമണത്തിലും മാടായിപ്പാറ സംരക്ഷണ സമിതി പ്രസിഡന്റ് പി.പി. കൃഷ്ണന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു.

Courtesy:Madhyamam

0 comments: